ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1950-ലെ തിരുവിതാംകൂര്‍ കൊച്ചി പഞ്ചായത്ത് ആക്റ്റിന്‍റെ അടിസ്ഥാനത്തില്‍ ആനിക്കാട് വടക്കുംഭാഗം, ചെങ്ങളം, ഇടമുള, മറ്റക്കര എന്നീ കരകള്‍ ഉള്‍പ്പെടുത്തിയാണ് 1953-ല്‍ അകലക്കുന്നം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കില്‍പെടുന്ന അകലക്കുന്നം, ചെങ്ങളം ഈസ്റ്റ് വില്ലേജുകളിലായി 34 ചതുരശ്രകിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്.
ചെറിയ കുന്നുകളോട് കൂടിയ ഭൂപ്രകൃതിയുള്ള അകലക്കുന്നം ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക മേഖലയാണ് പ്രധാന വരുമാന സ്രോതസ്. കൃഷി അനുബന്ധ തൊഴില്‍ മേഖലകളില്‍ ഭൂരിപക്ഷം പേരും ജോലി ചെയ്യുന്നു. വടക്ക് കൊഴുവനാല്‍ മീനച്ചില്‍ പഞ്ചായത്തുകളും കിഴക്ക് എലിക്കുളം പഞ്ചായത്തും തെക്ക് പള്ളിക്കത്തോട് പഞ്ചായത്തും പടിഞ്ഞാറ് കിടങ്ങൂര്‍ , അയര്‍ക്കുന്നം പഞ്ചായത്തുകളും അകലക്കുന്നം ഗ്രാമപഞ്ചായത്തിന്‍റെ അതിര്‍ത്തി പങ്കിടുന്നു.പന്നഗം തോട്, ക്ടാക്കുഴി തോട്, മൂങ്ങാമാക്കല്‍ തോട് എന്നിവ പഞ്ചായത്തിലൂടെയാണ് ഒഴുകിയിറങ്ങി മീനച്ചിലാറ്റിലെത്തുന്നത്.
മഹാഭൂരിപക്ഷമാളുകളും കൃഷിയിലും അനുബന്ധ മേഖലകളിലും തൊഴിലെടുക്കുന്ന കാര്‍ഷികരംഗം മുഖ്യ ഉപജീവനമാര്‍ഗ്ഗമായി കരുതുന്ന ഒരു പ്രദേശമാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്. കാര്‍ഷിക രംഗത്ത് ഭക്ഷ്യ സമ്മിശ്ര കൃഷി രീതികളില്‍ നിന്നും നാണ്യവിള റബ്ബര്‍ കൃഷിയിലേയ്ക്ക് വ്യാപകമായി മാറിയിരുന്നെങ്കിലും സമീപകാലത്ത് ഉണ്ടായ റബ്ബര്‍ വിലയിടവിന്‍റെ പശ്ചാലത്തില്‍ കാര്‍ഷിക രംഗത്ത് പുതിയ വിവിധ ഫലവൃക്ഷയിനങ്ങളും പരീക്ഷിച്ചു വിജയിച്ചു കൊണ്ടിരിക്കുന്ന പഞ്ചായത്താണ് അകലക്കുന്നം.
ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ മൊത്തത്തിൽ ലഭിക്കുന്ന മഴയുടെ 65% നല്കുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ തുലാവർഷവും ലഭിക്കുന്നു. എന്നാൽ ചില കാലങ്ങളിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടാവാറുമുണ്ട്. ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്നത് ഡിസംബർ, ജനുവരി മാസങ്ങളിലാണ്, 27 ഡിഗ്രി സെൽഷ്യസിൽ താഴെയുമാണ്. ഇക്കഴിഞ്ഞ കാലയളവില്‍ നിലവില്‍ അമിതമായ ചൂട് ആണ് അനുഭവപ്പെട്ടിരുന്നത്.
പുഴകളെ അതിന്‍റെ തനത് സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് സംരക്ഷിക്കുന്നതിനും അതുവഴി പുഴയെ ആശ്രയിച്ചു കഴിയുന്ന കുടിവെള്ളപദ്ധതികളെയുംകുടിവെള്ള കിണറുകളെയും നിലനിര്‍ത്തുന്നതിന് ആവശ്യമായ പദ്ധതികളാവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതില്‍ ഭരണസമിതികള്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. അകലക്കുന്നം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 മറ്റക്കര നെല്‍പാടങ്ങളുടെ മനോഹാരിത വിളിച്ചോതുന്നവയാണ്. തോടുകളുടെ നീരൊഴുക്ക് സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിച്ചും, പുഴയോരങ്ങളില്‍ മുള പോലെയുള്ള മണ്ണ് സംരക്ഷണ ചെടികള്‍ വെച്ചുപിടിപ്പിച്ചും നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന മണ്‍തുരുത്തുകളും മരങ്ങളും മാറ്റി സുഗമമായ ഒഴുക്കിന് വേണ്ട പ്രവൃത്തികള്‍ നടക്കുന്നുണ്ട്.